ശാസ്ത്രത്തിന് ലിംഗ വ്യതാസമില്ല: മിസൈൽ വുമൺ ഡോ. ടെസ്സി തോമസ്സ്
തൻ്റെ എല്ലാ നേട്ടങ്ങൾക്കും അടിസ്ഥാനം തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും നേടിയ എഞ്ചിനീയറിംഗ് ബിരുദമാണെന്ന് ഇന്ത്യയുടെ “മിസൈൽ വുമൺ” എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ്സ് (ഡയറക്ടർ ജനറൽ – ഏറോനോട്ടിക്കൽ സിസ്റ്റംസ്, ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ, ബെംഗളൂരു) പറഞ്ഞു.
ഇന്നത്തെ വിദ്യാർത്ഥികൾക്ക് മുൻകാലങ്ങളിലേക്കാൾ വളരെ കൂടുതൽ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്. അവസരങ്ങളും കൂടുതലാണ്. അവ സമർത്ഥമായി ഉപയോഗിച്ച്, തങ്ങൾക്ക് താല്പര്യമുള്ള മേഖലകളിൽ പ്രവർത്തിച്ചാൽ ജീവിത വിജയം സുനിശ്ചിതമാണെന്ന് ടെസ്സി വിദ്യാർത്ഥികളോട് പറഞ്ഞു.
ശാസ്ത്രത്തിന് ലിംഗ വ്യതാസമില്ല. ആഴത്തിലുള്ള അറിവും ആശയങ്ങൾ വ്യക്തമായി അവതരിപ്പിയ്ക്കുവാനുള്ള കഴിവും ഉണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ ഒരു വിവേചനവും നേരിടേണ്ടിവരില്ലെന്നാണ് തൻ്റെ അനുഭവമെന്ന് അവർ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ഡോ. എ പി ജെ അബ്ദുൾ കലാം എന്ന വലിയ മനുഷ്യൻ്റെ കീഴിൽ ജോലി തുടങ്ങാനായതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. ഈ വർഷത്തെ കാമ്പസ്സ് പ്ലേസ്മെന്റ് കണക്കുകളിൽ തൻ്റെ കോളേജ് രാജ്യത്തെ മുൻനിരയിൽ ഉൾപ്പെട്ടുവെന്നത് അഭിമാനം നൽകുന്നതായി അവർ കൂട്ടിച്ചേർത്തു.
തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിയ്ക്കുന്ന “ദ്യുതി 2022” എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിയ്ക്കുവാനാണ് ഡോ. ടെസ്സി തോമസ്സ് കാമ്പസ്സിൽ വീണ്ടും വന്നത്. പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, പ്രൊ. നൗഷജ, പ്രൊ.പി പി ശിവൻ, മുൻ പ്രൊ. ടി കൃഷ്ണകുമാർ എന്നിവരും സംസാരിച്ചു.