നിയമസഭാ ചെയര്‍മാന്റെ പാനലില്‍ സ്ത്രീകള്‍ മാത്രം; കേരള നിയമസഭയില്‍ ആദ്യം
കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്‍മാരുടെ പാനലിലെ എല്ലാ അംഗങ്ങളും വനിതകള്‍.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത അവസരങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് ചെയര്‍മാന്‍മാരുടെ പാനലിലെ അംഗങ്ങളാണ്. ഭരണപക്ഷത്ത് നിന്ന് സി കെ ആശയും യു പ്രതിഭയുമാണ് അംഗങ്ങളായത്. പ്രതിപക്ഷത്ത് നിന്ന് കെ കെ രമയും അംഗമായി.
സാധാരണ മൂന്നംഗ പാനലില്‍ ഒരു വനിത മാത്രമാണ് ഉള്‍പ്പെടാറുള്ളത്. പുതിയ സ്പീക്കറായി തിരഞ്ഞെടുത്ത സ്പീക്കര്‍ എ എന്‍ ഷംസീറാണ് പൂര്‍ണമായും വനിതകള്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
കേരള നിയമസഭയില്‍ ഒരു സമ്മേളനത്തിലെ പാനലിലെ മൂന്ന് അംഗങ്ങളും വനിതകളാകുന്നത് ആദ്യമായിട്ടാണ്. ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ നടപ്പ് സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ അംഗമായിട്ടുണ്ട്. അതില്‍ 32 പേര്‍ മാത്രമാണ് വനിതകളായിരുന്നത്.